
സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി.
പി എ ലെറ്റർപാഡ് ദുരുപയോഗം ചെയ്തതിൽ പാർട്ടി നിലപാട് എടുക്കും. പരാതിയുമായി മുന്നോട്ടു പോകുന്നതിലും പാർട്ടിയുടെ നിർദ്ദേശം അനുസരിച്ചാകും. തുടർന്ന് നടപടി പാർട്ടി തീരുമാനപ്രകാരം മാത്രമാകും. ജില്ലയിലെ ചില പ്രശ്നങ്ങളാണ് മുകുന്ദനെ കൊണ്ട് പരസ്യ പ്രതികരണത്തിന് നിർബന്ധിതമാക്കിയത്. കാര്യങ്ങളെല്ലാം നേരത്തെ തന്നെ സംസ്ഥാന സെക്രട്ടറിയോട് വിശദീകരിച്ചിട്ടും നടപടിയില്ല എന്നായിരുന്നു മുകുന്ദന്റെ പ്രതികരണം.
ഈ പശ്ചാത്തലത്തിലാണ് മുകുന്ദൻ ഇന്ന് പാർട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചുവരുത്തിയത്. ചർച്ചയ്ക്ക് പ്രശ്നങ്ങൾ അനുഭാവപൂർവമുള്ള നടപടിയെടുക്കാമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനൽകി. അങ്ങനെയാണ് രമ്യമായ പരിഹാരത്തിന് വഴിതെളിയുന്നത്. പിഎ നിയമനവുമായി ബന്ധപ്പെട്ട് ഉള്ള പ്രയാസങ്ങൾ സിസി മുകുന്ദൻ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു.
പാർട്ടിയിൽ തന്നെ ഒറ്റതിരഞ്ഞാക്രമിക്കാൻ ശ്രമം നടന്നുവെന്നും അഴിമതിക്കാരനായ പിഎ തന്റെ ഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ചപ്പോൾ പാർട്ടി അയാൾക്ക് പൂർണ സംരക്ഷണയൊരുക്കിയെന്നും സിസി മുകുന്ദൻ പറഞ്ഞിരുന്നു. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നേതൃത്വത്തെ സമീപിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. പാർട്ടി ജില്ലാ ഘടകത്തിൽ നിന്നൊഴിവാക്കിയതിന് പിന്നാലെ പല പാർട്ടികളിൽ നിന്നും തന്നെ ക്ഷണിച്ചു. സിപിഐഎം, ബിജെപി, കോൺഗ്രസ് ജില്ലാ നേതാക്കൾ വാട്‌സാപ്പിലൂടെ തന്നെ ബന്ധപ്പെട്ടെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
Be the first to comment