ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ജീവിതശൈലിയിൽ വരുത്തണം ഈ മാറ്റങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് രക്തസമ്മർദ്ദത്തിന്‍റെ പിടിയിലുള്ളത്. ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും ഇത് സാധാരണമായി കഴിഞ്ഞു. രക്തക്കുഴലുകളുടെ ഭിത്തിയിൽ രക്തം ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. തുടക്കത്തിലേ കണ്ടെത്താനായാൽ മരുന്നുകളുടെ സഹായമില്ലാതെ തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനാകും. അതിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണെന്ന് സി കെ ബിർള ആശുപത്രിയിലെ ഇന്‍റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്‍റ് ഡോ നരന്ദർ സിംഗ്ല പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കാം.

ആരോഗ്യകരമായ ഭക്ഷണം
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇലക്കറികൾ, വാഴപ്പഴം, മധുരക്കിഴങ്ങ് എന്നിവ ഈ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ്.

ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക

അമിതമായ ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ ഉപ്പിന്‍റെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുള്ളതിനാൽ ഇവയുടെ ഉപയോഗം ഒഴിവാവാക്കുക.

വ്യായാമം പതിവാക്കുക
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു മാർഗമാണ് വ്യായാമം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ പോലുള്ളവ ശാരീരിക പ്രവർത്തനങ്ങളിൽ പതിവായി ഏർപ്പെടുന്നത് ഹൃദയത്തിന്‍റെ പ്രവർത്തവും രക്തക്കുഴലുകളുടെ വഴക്കവും മെച്ചപ്പെടുത്തും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. അതിനാൽ ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമത്തിൽ ഏർപ്പെടുക.

ആരോഗ്യകരമായ ഭാരം നിലനിർത്തുക
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. ചെറിയ തോതിൽ ഭാരം കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡയറ്റ്, വ്യായാമം എന്നിവ പിന്തുടരാം.

സമ്മർദ്ദം കുറയ്ക്കുക
വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ പതിവാക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

നല്ല ഉറക്കം
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉറക്കം. ദിവസവും രാത്രിയിൽ 7 മുതൽ 9 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക. മോശം ഉറക്കമോ ഉറക്കക്കുറവോ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.

മഗ്നീഷ്യം ഉപഭോഗം വർദ്ധിപ്പിക്കുക
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയ നട്‌സ്, വിത്തുകൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുക.

പുകവലി ഉപേക്ഷിക്കുക
പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാൽ ഈ ശീലം ഒഴിവാക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*