
വളരെ തീക്ഷണതയേറിയ ഒരു രോഗാവസ്ഥയാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന മൈഗ്രെയ്ൻ തലവേദന പലരുടെയും ഉറക്കം പോലും നഷ്ടമാകാൻ ഇടയാക്കും. പലരിലും മൈഗ്രെയ്ൻ വരാനുള്ള കാരണങ്ങൾ വ്യത്യസപ്പെട്ടിരിക്കാം. സമ്മർദ്ദം, ഭക്ഷണം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ ഉപയോഗം, മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയാണ് മൈഗ്രെയിനിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ എന്നിവയും ഉച്ചത്തിലുള്ള ശബ്ദങ്ങൾ, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും മൈഗ്രെയ്ൻ തലവേദനയ്ക്ക് കാരണമാകുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം ആളുകൾ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ മൈഗ്രെയ്ൻ തലവേദനയിലൂടെ കടന്നു പോയവരാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മൈഗ്രെയ്നിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
ജലാംശം നിലനിർത്താം
മൈഗ്രെയ്ൻ തലവേദനയ്ക്ക് കാരണമാകുന്ന ഒന്നാണ് നിജ്ജലീകരണം. അതിനാൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദിവസേന കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
കഫീൻ ഉപയോഗം കുറയ്ക്കാം
കഫീൻ അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം നിർജ്ജലീകരണത്തിന് കാരണമായേക്കും. ഇത് മൈഗ്രെനിലേക്ക് നയിക്കുന്നതിനാൽ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. ഉയർന്ന അളവിൽ മധുരമടങ്ങിയ പാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്.
മതിയായ ഉറക്കം
ക്രമം തെറ്റിയുള്ള ഉറക്കം, ഉറക്കക്കുറവ് എന്നിവയെല്ലാം മൈഗ്രെനിലേക്ക് നയിക്കുന്നവയാണ്. അതിനാൽ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യാം. ദിവസേന 7 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.
സമ്മർദ്ദം ഒഴിവാക്കാം
മൈഗ്രെയ്ൻ തീവ്രത, ആവൃത്തി എന്നിവ വർധിപ്പിക്കാൻ സമ്മർദ്ദം കാരണമാകും. അതിനാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിനായി ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നവയിൽ ഏർപ്പെടുക. സമ്മർദ്ദം ലഘൂകരിക്കാൻ ഇത് സഹായിക്കും.
ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാം
പുറത്തു നിന്നും കഴിക്കുന്ന ചില ഭക്ഷണങ്ങളും മൈഗ്രെയ്ൻ തലവേദനയ്ക്ക് ഇടയാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, ചീസ്, ചോക്ലേറ്റ്, മദ്യം, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്താം.
ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണം കഴിക്കാതിരുന്നാലും മൈഗ്രെയ്ൻ വരാം. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അസന്തുലിതമായ ഭക്ഷണക്രമവും മൈഗ്രെയ്ൻ തലവേദനയ്ക്ക് കരണമാകുന്നവയാണ്.
സ്ക്രീൻ ടൈം കുറയ്ക്കാം
ദീർഘനേരമുള്ള മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം കണ്ണിന് സമ്മർദ്ദമുണ്ടാക്കും. ഇത് മൈഗ്രെനിലേക്ക് നയിക്കും. അതിനാൽ സ്ക്രീൻ ടൈം കുറയ്ക്കാൻ ശ്രദ്ധിക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാൻ യുവി, ബ്ലൂ ഫിൽറ്റർ എന്നിവയുള്ള കണ്ണട ഉപയോഗിക്കാം.
Be the first to comment