
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം. തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസ് വിശദമായ വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി. ഹര്‍ജിയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നല്‍കിയ ഹര്‍ജി ആണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു. പ്രതിക്ക് അനുകൂലമായാണ് പൊലീസ് അന്വേഷണം എന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ വാദിച്ചിരുന്നത്.
കേസ് കേരള ഹൈക്കോടതി രണ്ട് തവണ പരിഗണിക്കുകയും അതിനു ശേഷം സുപ്രീം കോടതിയില്‍ അഡ്മിഷന്‍ പോലും ലഭിക്കാത്തതുമായിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്ന് ഹൈക്കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. തുടരന്വേഷണ ഹര്‍ജി ഒരുതരത്തിലും നിലനില്‍ക്കാത്തതാണെന്നും പറഞ്ഞിട്ടുണ്ട്. അവര്‍ ഉന്നയിച്ച പല വിഷയങ്ങളെ സംബന്ധിച്ചും അന്വേഷണ സംഘം പരിശോധന നടത്തുകയും അത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ പരിശോധിച്ചാല്‍ തന്നെ പി പി ദിവ്യയുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇങ്ങനെയൊരു ഹര്‍ജി നല്‍കിയിട്ടുള്ളത് – ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകള്‍ ഉണ്ടെന്നും നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കുടുംബത്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ പൊലീസിന് ഇന്നത്തേക്ക് സമയം അനുവദിക്കുകയായിരുന്നു.
പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും, ഫോണ്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തുടരന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോട് പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല.
Be the first to comment