എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെയും പ്രതി ചേര്‍ക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. ദിവ്യയ്ക്ക് പുറമെ പ്രശാന്തന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതിചേര്‍ത്തില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുവരണമെന്നും വ്യാജ പരാതിയടക്കം സത്യം തെളിയാന്‍ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും കുടുംബം പറയുന്നു.

അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവില്‍ ദിവ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*