‘ജുഡീഷ്യറിയിലെ അഴിമതി’; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി, കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എട്ടാം ക്ലാസ് എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ‘ഗുരുതരമായ നടപടി’ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്ക് സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗമാണ് വിവാദമായത്. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കഴിഞ്ഞ ദിവസം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കിയത്.

ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താനും അന്തസ്സിനെ താഴ്ത്താനുമുള്ള മനഃപൂര്‍വമായ നീക്കമാണിതെന്ന് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജുഡീഷ്യറിയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന അത്തരം പെരുമാറ്റം ക്രിമിനല്‍ കോടതിയലക്ഷ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു. ‘കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് വെറുതെ വിട്ടാല്‍, നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാകും. ആരെയും കുറ്റവിമുക്തരാക്കാന്‍ അനുവദിക്കില്ല. ആരാണ് ഉത്തരവാദികള്‍ എന്ന് കണ്ടെത്തേണ്ടത് സ്ഥാപനത്തിന്റെ തലവന്‍ എന്ന നിലയില്‍ എന്റെ കടമയാണ്. തലകള്‍ ഉരുളണം’- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആഴത്തില്‍ വേരൂന്നിയതും ആസൂത്രിതവുമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എന്‍സിഇആര്‍ടിയുടെ ബുധനാഴ്ചത്തെ കത്തില്‍ ക്ഷമാപണം എന്നൊരു വാക്ക് പോലും ഇല്ലെന്നും പകരം അവര്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ന് തുടക്കത്തില്‍ തന്നെ, വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിരുപാധികമായി ക്ഷമാപണം നടത്തി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാര്‍ച്ച് 11ലേക്ക് മാറ്റിവെച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*