കടബാധ്യതയേറിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍.സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില്‍ മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എന്‍എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.
ബിനോദ് ബിഹാരി ജെനയും രബിനാരായണന്‍ പത്രയും ചേര്‍ന്ന് തയാറാക്കിയ ‘Financial Inclusion and Indebtedness in India: Insights from NSS 78th Round’ എന്ന റിപ്പോര്‍ട്ടിലെ കണക്കുകളാണ് പുറത്തുവന്നത്. കടബാധ്യതയില്‍ ദേശീയ ശരാശരി 14.7 ശതമാനമാണ്.
സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെ കണക്കുകളില്‍ കര്‍ണാടകയാണ് (95.9%) മുന്നില്‍, ആന്ധ്രാപ്രദേശ് (92.3%), തമിഴ്നാട് (92%) എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഛത്തീസ്ഗഡ്(91.1%) നാലാം സ്ഥാനത്ത് തുടരുമ്പോള്‍ കേരളത്തിന്റെ(91.0%) സ്ഥാനം അഞ്ചാമതാണ്. രാജ്യത്തെ ആറ് മേഖലകളിലെ കണക്കുകള്‍ എടുത്താന്‍ ദക്ഷിണേന്ത്യയിലാണ് സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെയും കടബാധ്യതയുടെയും തോത് ഏറ്റവും കൂടിയത്. ഇത് യഥാക്രമം 92.1%, 31.8%, എന്നിങ്ങനെയാണിത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യഥാക്രമം 80.2%, 7.4% എന്നിങ്ങനെയാണ് കണക്കുകള്‍.
‘ഗുഡ് ഡെബ്റ്റ്’ , ‘ബാഡ് ഡെബ്റ്റ്’
കടബാധ്യതയും കുടുംബത്തിന്റെ സാമ്പത്തിക നിലയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്നും കടബാധ്യതയും കുടുംബത്തിന്റെ വലുപ്പവും തമ്മിലുള്ള വിപരീത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വായ്പ എന്തിന് വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ‘ഗുഡ് ഡെബ്റ്റ്’ അല്ലെങ്കില്‍ ‘ബാഡ് ഡെബ്റ്റ്’ എന്നിങ്ങനെ തരംതിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ സി വീരമണി പറഞ്ഞു.
ദൈനംദിന ചെലവുകള്‍ക്കോ ? ഈടുനില്‍ക്കുന്ന വസ്തുക്കള്‍ക്കോ ?വേണ്ടിയുള്ളതാണ് വായ്പയെങ്കില്‍ അത് അഭികാമ്യമല്ല. കേരളത്തില്‍ കാറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയുടെ ഉപഭോഗം കൂടുതലാണ്. അതിവേഗം വളരുന്ന ഡിജിറ്റല്‍ വായ്പാ വിപണി, ക്രെഡിറ്റ് കാര്‍ഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇഎംഐ ഓഫറുകള്‍ എന്നിവ കടബാധ്യതകള്‍ കൂടുന്നതിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
മറുവശത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ പോലുള്ള മനുഷ്യ മൂലധനത്തില്‍ നിക്ഷേപിക്കുന്ന മൂലധന വായ്പകളെ ഉല്‍പ്പാദനക്ഷമമായാണ് കണക്കാക്കപ്പെടുന്നുത്. സി വീരമണി പറഞ്ഞു.



Be the first to comment