നീറ്റ് യുജി 2025 ഫലം ഇന്ന്; കട്ട് ഓഫ് കുറയാൻ സാധ്യത, അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എൻ ടി എ ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാവുക. ഇതിന് മുന്നോടിയായി അന്തിമ ഉത്തരസൂചിക ഇന്ന് രാവിലെ പ്രസിദ്ധപ്പെടുത്തി.

പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. കൂടാതെ, രണ്ട് ചോദ്യങ്ങൾക്ക് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിട്ടുണ്ട്. നാല് ബുക്ക്‌ ലെറ്റുകളിലും ഇത് ബാധകമാണ്. എന്നാലും, നാല് ബുക്ക്‌ ലെറ്റുകളിലും ചോദ്യ നമ്പറുകളും ഉത്തര ഓപ്ഷനുകളും വ്യത്യസ്തമാണ്. ഫിസിക്സിൽനിന്നും കെമിസ്ട്രിയിൽനിന്നുമുള്ള ഓരോ ചോദ്യങ്ങൾക്കാണ് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിരിക്കുന്നത്.

കുറഞ്ഞ കട്ട് ഓഫ് സാധ്യത

എൻ ടി എയുടെ കണക്കനുസരിച്ച്, ഈ വർഷം ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഏകദേശം 12.5 ലക്ഷത്തോളം പേർ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ പരീക്ഷ കഠിനമായിരുന്നതിനാൽ, യോഗ്യത കട്ട് ഓഫും യോഗ്യതാ കട്ട് ഓഫ് മാർക്കുകളും കുറയാൻ സാധ്യതയുണ്ട്. കൂടാതെ, മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള കൗൺസിലിങ്ങിൽ സർക്കാർ മെഡിക്കൽ കോളജ് സീറ്റുകളുടെ കട്ട് ഓഫും കുറയാം.

പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അവരുടെ ഫലങ്ങൾ പരിശോധിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*