വേവെയ്: ലോകമെമ്പാടുമുള്ള 16,000 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പിരിച്ചുവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നു. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും നെസ്‌ലെ വേഗത്തിൽ മാറേണ്ടതുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനം കഠിനമാണെന്നും എന്നാൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിരിച്ചുവിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. 2027 അവസാനത്തോടെ സമ്പാദ്യം മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഫിലിപ്പ് നവ്രാറ്റിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം പുറത്തു വന്നതിനു പിന്നാലെ കമ്പനി ഓഹരികൾ രാവിലെയുള്ള വ്യാപാരത്തിൽ എട്ട് ശതമാനത്തിലധികം ഉയർന്നു.




Be the first to comment