വാഷിങ്ടണ്‍: വിസ റദ്ദാക്കലുകളും നാടുകടത്തലും കടുപ്പിച്ച് ട്രംപ് ഭരണകൂടം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ഭരണകൂടം അവകാശപ്പെടുന്ന ഒരു ലക്ഷത്തിലധികം പേരുടെ വിസകൾ റദ്ദാക്കിയാതയി യുഎസ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് റദ്ദാക്കലെന്ന് സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം അറിയിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി ഏറ്റുമുട്ടുകയും ചെയ്‌ത വിദ്യാര്‍ഥികളുടെ വിസകളാണ് യുഎസ് കൂട്ടത്തോടെ റദ്ദാക്കിയത്. ഇതില്‍ ഏകദേശം 8,000 വിദ്യാർഥി വിസകളും 2,500 സ്പെഷ്യലൈസ്‌ഡ് വിസകളും ഉള്‍പ്പെടുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു. അതേസമയം, അമേരിക്കയ്‌ക്കെതിരെ വിവിധ വിവാദങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.
“ക്രിമിനൽ പ്രവർത്തനങ്ങൾക്ക് യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി ഏറ്റുമുട്ടിയ വ്യക്തികൾക്കുള്ള ഏകദേശം 8,000 വിദ്യാർഥി വിസകളും 2,500 സ്പെഷ്യലൈസ്‌ഡ് വിസകളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം വിസകൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് റദ്ദാക്കി” എക്‌സില്‍ കുറിച്ചു. അതേസമയം രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിസ റദ്ദാക്കലുകളും നാടുകടത്തലും തുടരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയെ സുരക്ഷിതമായി നിലനിർത്താൻ തങ്ങൾ ഈ കൊള്ളക്കാരെ നാടുകടത്തുന്നത് തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കൂട്ടിച്ചേർത്തു.
മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്
രാജ്യത്ത് എത്തിച്ചേരുന്നവര്‍ യുഎസിൻ്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കും. ഇതിനായി നിരവധി നടപടികള്‍ രാജ്യം സ്വീകരിക്കുന്നുണ്ടെന്നും അത് പുരോഗതി കൈവരിക്കുന്നുണ്ടെന്നും വകുപ്പ് പറഞ്ഞു. കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി താമസിക്കുന്ന വിസ ഉടമകൾ എല്ലാ നിയമപരമായ നടപടികളും കർശനമായി പാലിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ ഇന്ത്യയിലെ യുഎസ് എംബസി വിദ്യാർഥികൾക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് വിസ റദ്ദാക്കുന്നതിലേക്കും യുഎസിൽ നിന്ന് നാടുകടത്തലിലേക്കും നയിക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി.
“യുഎസ് നിയമങ്ങൾ ലംഘിക്കുന്നത് നിങ്ങളുടെ വിദ്യാർഥി വിസയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയോ, നിങ്ങളുടെ വിസ റദ്ദാക്കപ്പെടുകയോ, നിങ്ങളെ നാടുകടത്തുകയോ, ഭാവിയിൽ യുഎസ് വിസകൾക്ക് നിങ്ങൾ യോഗ്യനല്ലാതുകകയോ ചെയ്യാം. രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കുക, നിങ്ങളുടെ യാത്രയെ അപകടത്തിലാക്കരുത്. ഒരു യുഎസ് വിസ ഒരു പദവിയാണ് അവകാശമല്ല” ജനുവരി 7 ന് എംബസി എക്‌സില്‍ കുറിച്ചു.



Be the first to comment