എന്താണ് സിം ബൈന്‍ഡിങ്? വാട്സ്ആപ്പിനും ടെലിഗ്രാമിനുമടക്കം ബാധകം

ന്യൂഡല്‍ഹി: വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈന്‍ഡിങ് ചട്ടം പാലിക്കണം. പ്ലാറ്റ്‌ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകള്‍ ഇനി പ്രവര്‍ത്തിക്കൂ. മാര്‍ച്ച് ഒന്ന് മുതല്‍ ചട്ടം നിലവില്‍ വന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കും. വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഡിവൈസില്‍ സിം ആവശ്യമില്ല. ക്യുആര്‍ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്‌ഫോം ലഭ്യമാകും. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.

ഇതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകള്‍ ഉറപ്പാക്കേണ്ടിവരും. ഫോണില്‍ സിം ഇല്ലാത്തപക്ഷം ഉപയോക്താക്കള്‍ക്ക് മെസേജിങ് ആപ്പുകളിലെ സ്വന്തം അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങള്‍ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസില്‍ ഉണ്ടെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*