ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ത്രീഡി ഫ്ലെക്‌സ് അക്വസ് ആൻജിയോഗ്രാഫി പൂര്‍ത്തിയാക്കി ഡൽഹി കൻ്റോൺമെൻ്റ് ആർമി ആശുപത്രി. ഐസ്റ്റൻ്റുമായി ചേർന്നാണ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം ശസ്‌ത്രക്രിയ പൂര്‍ത്തീകരിച്ചത്.
കണ്ണിൻ്റെ നൂതന ഇമേജിങ്ങും മിനിമലി ഇൻവേസീവ് ഗ്ലോക്കോമ ശസ്ത്രക്രിയയും സംയോജിപ്പിച്ചാണ് ആശുപത്രിയിൽ പ്രവർത്തിപ്പിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ഇന്ത്യൻ വൈദ്യശാസ്ത്ര മേഖലയ്ക്ക് നാഴികക്കല്ലായ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
“പുതിയ സ്റ്റാൻഡ്-മൗണ്ടഡ് സ്പെക്ട്രലിസ് സിസ്റ്റവും അത്യാധുനിക ത്രീഡി ഓപ്പറേറ്റിങ് മൈക്രോസ്കോപ്പും ഉപയോഗിച്ച് നടത്തുന്ന ശസ്‌ത്രക്രിയ ആഗോള നേത്ര പരിചരണത്തിൽ സായുധ സേനാ മെഡിക്കൽ സർവീസസിനെ മുൻപന്തിയിൽ എത്തിക്കുന്നു. ഗ്ലോക്കോമയെന്ന അസുഖത്തെ വിദഗ്‌ധമായി അകറ്റി നിർത്താനും ഈ പ്രവൃത്തിയിലൂടെ സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ആദ്യമായാണ് ആരോഗ്യ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നത്. ‘മിനിമലി ഇൻവേസീവ് ഗ്ലോക്കോമ സർജറിയായ’ ‘ഐസ്റ്റൻ്റു’മായി ത്രീഡി ‘ഫ്ലെക്‌സ് അക്വസ് ആൻജിയോഗ്രാഫി’ എന്ന രീതി സംയോജിപ്പിക്കുന്നത് ഗ്ലോക്കോമ പരിചരണത്തിൽ ഒരു പുതിയ വഴിത്തിരിവാണ് സൃഷ്‌ടിക്കുന്നത്. മെച്ചപ്പെട്ട ദീർഘകാല ഫലങ്ങൾ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവർക്ക് ഇതോടെ ഉറപ്പാക്കുന്നുവെന്നും മന്ത്രാലയം അറിയിക്കുന്നു.
ഇന്ത്യയിൽ 90 ശതമാനം പേരിലും ഗ്ലോക്കോമ ഉണ്ടെന്നാണ് 2024ൽ ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്‌താൽമോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രൈമറി ഓപ്പൺ ആംഗിൾ ഗ്ലോക്കോമയാണ് (പിഒജിഎ) ഗ്ലോക്കോമയുടെ പൊതുവിൽ കണ്ടുവരുന്ന ഉപ വിഭാഗമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഡൽഹി കൻ്റോൺമെൻ്റ് ആർമി ആശുപത്രിയിലെ നേത്രരോഗ വകുപ്പ് ത്രീഡി മൈക്രോസ്കോപ്പ് ഉപയോഗിച്ച് 2025 ഏപ്രിലിൽ മിനിമലി ഇൻവേസീവ് ഗ്ലോക്കോമ ശസ്ത്രക്രിയ നടത്തിയിരുന്നു. കണ്ണിൻ്റെ ത്രിമാന ദൃശ്യം വ്യക്തമാകുന്നതിനാൽ കണ്ണിലെ പ്രശ്‌നങ്ങളെ കൃത്യമായി അറിയാനാകും. തിമിരം, കോർണിയൽ, ഗ്ലോക്കോമ, റെറ്റിന പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ഉൾപ്പെടെയുള്ള നേത്ര രോഗ ചികിത്സ വളരെ ഫലപ്രദമാണെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്‌താവനയിൽ പറയുന്നു.
പുതുതായുള്ള ഈ സംവിധാനത്തിൽ പ്രത്യേക ത്രീഡി പോളറൈസേഷൻ ഗ്ലാസുകളും 55 ഇഞ്ച് 4കെ അൾട്രാ-എച്ച്ഡി ഡിസ്പ്ലേയുമാണ് ഉപയോഗിക്കുന്നത്. ശസ്ത്രക്രിയയിലുള്ള സങ്കീർണത കുറയ്ക്കുക, ശസ്‌ത്രക്രിയ കൂടുതൽ കൃത്യതയുള്ളതാക്കുക, മെഡിക്കൽ വിദഗ്‌ധർക്ക് വളരെ സൗകര്യപ്രദമായി ശസ്‌ത്രക്രിയ ചെയ്യാനാകുക പോലുള്ള പ്രത്യേകതയും പുതിയ പ്രവർത്തന രീതിയിൽ ഉൾപ്പെടുന്നതായി പ്രസ്‌താവനയിൽ പറഞ്ഞു.



Be the first to comment