
ന്യൂഡല്‍ഹി: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്കുന്ന ബാല്‍ ആധാര്‍ കാര്‍ഡുകളുടെ വ്യാജന് ഇറങ്ങുന്നത് തടയുന്നതിനായി നടപടി സ്വീകരിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഒരേ ജനന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി ഒന്നിലധികം ആധാര്‍ നമ്പറുകള്‍ ക്രിയേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി
ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന കുട്ടിയുടെ ആധാര്‍ നമ്പര്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി പങ്കിട്ട് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ക്രിയേറ്റ് ചെയ്യുന്ന സാഹചര്യം തടയുകയാണ് നടപടിയുടെ ലക്ഷ്യം. മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ ആധാര്‍ നമ്പര്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി പങ്കുവെയ്ക്കുകയുള്ളൂ. ‘ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വയസിന് താഴെയുള്ള കുട്ടിക്ക് നല്കുന്ന ബാല്‍ ആധാര്‍ നമ്പര്‍, മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതത്തോടെ ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറലുമായോ സംസ്ഥാനത്തിന്റെ ചീഫ് രജിസ്ട്രാറുമായോ പങ്കിടാന്‍ അധികൃതര്‍ക്ക് അനുമതി നല്കുന്നു. ഒരേ ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം എന്റോള്‍മെന്റ് തടയുന്നതിന്റെ ഭാഗമായാണ് നടപടി’- യുഐഡിഎഐ പറഞ്ഞു.
മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള 12 അക്ക നമ്പറാണ് ബാല്‍ ആധാര്‍ കാര്‍ഡ്. കുട്ടിയുടെ ബയോമെട്രിക് ഡാറ്റ ആവശ്യമില്ലാതെയാണ് ഇത് നല്‍കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തിരിച്ചറിയല്‍ പ്രക്രിയ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബാല്‍ ആധാര്‍. തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് 2016ലെ ആധാര്‍ (വിവരങ്ങള്‍ പങ്കിടല്‍) ചട്ടങ്ങളിലെ ഭേദഗതി എന്നും യുഐഡിഎഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു. 1969 ലെ ജനന-മരണ രജിസ്ട്രേഷന് നിയമപ്രകാരം പ്രാദേശിക, ദേശീയ രജിസ്ട്രാര്‍മാരുമായി ഡാറ്റ പങ്കിടാനും പുതിയ ഭേദഗതി അനുവദിക്കുന്നു.
Be the first to comment