
ന്യൂഡ്യല്‍ഹി: പുതിയ യുപിഐ (UPI) ചട്ടങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ബാലന്‍സ് പരിശോധിക്കല്‍, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കല്‍ തടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമാണ് പുതിയ മാറ്റങ്ങള്‍.
ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ യുപിഐ സേവനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐ നീക്കം.
അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ബാലന്‍സ് എന്‍ക്വയറി ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎമ്മും ഫോണ്‍പേയും ഉപയോഗിക്കുകയാണെങ്കില്‍, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളില്‍ 50 തവണ വീതം മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലന്‍സ് പരിശോധിക്കുന്നവരെയും ഇത് ബാധിച്ചേക്കാം. തിരക്കുള്ള സമയങ്ങളില്‍ (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 9:30 വരെയും) ബാലന്‍സ് പരിശോധനകള്‍ പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലന്‍സ് അറിയിപ്പായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
യുപിഐയിലെ ഓട്ടോപേ മാന്‍ഡേറ്റുകള്‍ (എസ്ഐപി, നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഒരു മാന്‍ഡേറ്റിന് പരമാവധി 3 റീട്രൈകളോടെ ഒരു ശ്രമം മാത്രമേ അനുവദിക്കൂ. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവ സെറ്റ് ചെയ്യാന്‍ കഴിയും.ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇടപാട് നടത്തി കുറഞ്ഞത് 90 സെക്കന്‍ഡിന് ശേഷമേ ആദ്യത്തെ പരിശോധന നടത്താന്‍ പാടുള്ളൂ. കൂടാതെ, രണ്ട് മണിക്കൂറിനുള്ളില്‍ പരമാവധി മൂന്ന് തവണ മാത്രമേ പരിശോധിക്കാന്‍ പാടുള്ളൂ.
യുപിഐയില്‍, ഒരു ഉപയോക്താവിന് അവരുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സേവനമാണ് ‘അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്’ ഒരു പ്ലാറ്റ്‌ഫോമില്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. പുതിയ നിര്‍ദേശ പ്രകാരം, ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ ഒരു യുപിഐ ആപ്പില്‍ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ കഴിയൂ. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും സര്‍വീസ് പ്രൈാവൈഡര്‍മാര്‍ക്കും ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Be the first to comment