
സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിൽ അപകടങ്ങളും പതിവാകുന്നു. അപകടത്തിൽപ്പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്.
അതേസമയം കോറി വേസ്റ്റ് റോഡിൽ കൊണ്ടുവന്നിട്ട് കുഴികൾ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഗതാഗത കുരുക്ക് കാരണം ടോൾപിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോൾ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പാലിയേക്കരയിലെ വാഹനത്തിരക്കില്ലാത്ത ചിത്രം കാണിച്ച ദേശീയപാതാ അതോറിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്നാണ് കോടതി ചോദിച്ചത്. പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് വിലക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും നൽകിയ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരുന്നു.
Be the first to comment