ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഉന്നതല കൂടിയാലോചനകൾ തുടരുകയാണ്. ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസും പരിശോധന നടത്തുന്നു. വെള്ളകോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ മുൻ ഫാർമസിസ്റ്റ് മൗലവി ഇർഫാനെന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു. അതേസമയം ഡൽഹിയിൽ പൊട്ടിത്തെറിച്ച ഐ-ട്വന്റി കാർ പെട്രോൾ പമ്പിലെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സ്ഫോടന സ്ഥലത്ത് വിവിധ ഏജൻസികളുടെ പരിശോധന പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിനായി അഞ്ഞൂറോളം പേരടങ്ങുന്ന സംഘത്തെ ഡൽഹി പൊലീസ് രൂപീകരിച്ചിരുന്നു. സ്ഫോടനത്തിൽ സമഗ്ര അന്വേഷണമാണ് നടത്തുന്നത്. കൂട്ടാളികൾ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഉമർ വേഗത്തിൽ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് വിവരം. ഉമറിനൊപ്പം കാറിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നു. ഇയാളുടെ മാതാവും സഹോദരങ്ങളും ഉൾപ്പെടെയുള്ളവരെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
nia


Be the first to comment