‘അന്‍വറിനെപ്പോലെ ഒരാളെ കിട്ടുന്നത് അസറ്റല്ലേ?’; കൂടെ നിര്‍ത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞു നില്‍ക്കുന്ന പി വി അന്‍വറിനെ  അനുനയിപ്പിക്കാന്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കെല്ലാം താല്‍പ്പര്യമുണ്ട്. അന്‍വറുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. ആ ബന്ധം കൂടി ഉപയോഗിച്ച് സ്‌നേഹമസൃണമായ ഒരു റിലേഷന്‍ഷിപ്പ് ഐക്യജനാധിപത്യമുന്നണിയില്‍ അന്‍വറിനെ വെച്ചുകൊണ്ട് ഉണ്ടാക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ചെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് രണ്ടു ദിവസത്തിന് ശേഷം പറയാമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. ഘടകകക്ഷിയാക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുക്കാനാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എപ്പോള്‍ വേണമെങ്കിലും എടുക്കാം. ആര്‍ക്കാ അതിന് തടസ്സമുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനമെടുത്താല്‍ ആരാ എതിര്‍ക്കുന്നത് ? കെപിസിസി തീരുമാനമെടുത്താല്‍ ആരു ചോദ്യം ചെയ്യുമെന്ന് കെ സുധാകരന്‍ ചോദിച്ചു.

അന്‍വറിനെപ്പോലെ ഒരാളെ യുഡിഎഫിന് കിട്ടുന്നത് ഒരു അസ്സെറ്റ് അല്ലേയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. അന്‍വറിന്റെ പാര്‍ട്ടി മത്സരിക്കുമോയെന്നത് സംബന്ധിച്ച് തനിക്കറിയില്ല. അതല്ല അങ്ങനെ വന്നാല്‍ അപ്പോള്‍ നോക്കാം. ഇതെല്ലാം രാഷ്ട്രീയമല്ലേ, ഇതെല്ലാം സ്വാഭാവികമല്ലേ.ഇതിലൊന്നും ബന്ധത്തിന് പോറലേല്‍ക്കാന്‍ സാധിക്കില്ല. അഥവാ തൃണമൂല്‍ മത്സരിച്ചാല്‍ യുഡിഎഫിനെ ബാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അന്‍വറുമായി കൂടിക്കാഴ്ചട നടത്തുകയും വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും അന്‍വറും തമ്മിലുള്ള ബന്ധം രാഷ്ട്രീയ രംഗത്ത്, കേരളത്തിലും മലപ്പുറം ജില്ലയിലും ചരിത്രപരമായ ഡീവിയേഷന്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഞങ്ങളെല്ലാം അതിന്റെ പിറകിലാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. അന്‍വറും അതില്‍ നിന്നും പിറകോട്ടല്ല. അന്‍വറിന് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമല്ലേയെന്ന് കെ സുധാകരന്‍ ചോദിച്ചു. ഒരു മുന്നണിയ്ക്കകത്തും പാര്‍ട്ടിക്കകത്തും പല അഭിപ്രായങ്ങള്‍ ഉണ്ടാകാറില്ലേ. അവന്‍ വേണം ഇവന്‍ വേണം എന്നെല്ലാം അഭിപ്രായങ്ങള്‍ ഉണ്ടാകാറില്ലേ. അതെല്ലാം സ്വാഭാവികമാണ്. ആ സ്വാഭാവികതയില്‍ ഒന്നല്ലേ നടത്താന്‍ പറ്റൂ. അത് നടത്തിക്കഴിഞ്ഞുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്ലാ നേതാക്കന്മാരും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു തെറ്റു പറയാന്‍ ആര്‍ക്കും സാധിക്കില്ല. ആര്യാടന്‍ മുഹമ്മദിന്റെ ചരിത്രം തന്നെ മലപ്പുറത്തിന്റെ മണ്ണിനെ ഇളക്കിമറിക്കുന്ന വികാരമാണ്. ആ വികാരത്തിന്റെ പ്രതിപുരുഷനാണ് ഷൗക്കത്ത്. ആ ഷൗക്കത്തിന് സ്ഥാനമാനങ്ങള്‍ നല്‍കുക ആദരിക്കുക എന്നത് ആര്യാടന്‍ മുഹമ്മദിനെ ആദരിക്കുക എന്നതു കൂടിയാണ്. അന്‍വര്‍ യുഡിഎഫിനൊപ്പമുണ്ടാകും. മുന്നണിക്കകത്ത് അന്‍വര്‍ ഉണ്ടാകുമെന്നതില്‍ സംശയം വേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇന്നലെ മഞ്ചേരിയില്‍ വെച്ചായിരുന്നു അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, നിലമ്പൂരില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണ്. മുന്നണി സജ്ജമാണ്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്നും മുസ്ലിം ലീഗ് ഉണ്ടാകും. അന്‍വര്‍ എന്നല്ല, ഏതു പ്രശ്‌നങ്ങളുണ്ടെങ്കിലും അതു ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാനുള്ള സാഹചര്യങ്ങള്‍ അവിടെയുണ്ട്. അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രശ്‌നമാകില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*