നിമിഷ പ്രിയ കേസ്: പ്രതിനിധി സംഘം യെമനിലേക്ക് പോയിട്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. കുടുംബത്തെ അല്ലാതെ ഹർജിക്കാരുടെ സംഘത്തെ അയച്ചതുകൊണ്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

ഇതിനിടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ പ്രയത്നിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിനും കേന്ദ്ര സർക്കാരിനും അടക്കം എല്ലാവർക്കും ഹർജിക്കാർ നന്ദി അറിയിച്ചു. 2 കേന്ദ്ര സർക്കാർ പ്രതിനിധികളും, 2 നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികളും, കാന്തപുരത്തിന്റെ 2 പ്രതിനിധികളും ഉൾപ്പെട്ട സമിതി വേണമെന്നാണ് ആവശ്യം. വിശദാംശങ്ങൾ ഇപ്പോൾ പങ്കുവയ്ക്കാൻ ആകില്ലെങ്കിലും, കേന്ദ്ര സർക്കാർ കാര്യമായി ഇടപെടുന്നുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രം, ചർച്ചകളിൽ കുടുംബത്തിന് മാത്രമാണ് കാര്യമെന്ന് അറിയിച്ചു.

ഏതെങ്കിലും സംഘടന യെമനിൽ പോയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അറ്റോർണി ജനറൽ നിലപാട് അറിയിച്ചു. നിമിഷയുടെ അമ്മയ്ക്ക് ചർച്ചയിൽ പങ്കെടുക്കുന്നതിന് പരിമിതികളുണ്ട് എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാൻ കേന്ദ്രത്തോട് കോടതി നിർദേശം നൽകി. ഓഗസ്റ്റ് 14 ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*