‘മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്’, നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരിച്ച് കാന്തപുരം

കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ബ്ലഡ് മണി സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു.

യമനില്‍ വലിയ ചര്‍ച്ചയായ കൊലപാതകമായിരുന്നതിനാല്‍ ബന്ധുക്കളെ ചര്‍ച്ചക്ക് ശ്രമിക്കല്‍ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു. ഇതിനിടെയാണ് കാന്തപുരത്തിന്റെ ഇടപെടല്‍ വരുന്നതും ചര്‍ച്ചയെ തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയും ചെയ്യുന്നത്. വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരിന്റെ ഇടപെടലിനെ തുടര്‍ന്ന് യമനിലുള്ള സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി യമനില്‍ തന്നെയുള്ള ഒരു ഗോത്രവിഭാഗത്തില്‍പെട്ട കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*