കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചതെന്ന് നീതി ആയോഗ്. പദ്ധതി ബഹുമുഖ പങ്കാളിത്തത്തിന്റെയും സാമൂഹ്യ അധിഷ്ഠിത മാതൃകയുമാ ണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജന- അര്‍ബന്‍ യുമായി ബന്ധപ്പെടുത്തി ഒന്‍പത് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ മികച്ച രീതികളും റിപ്പാര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉപജീവനമാര്‍ഗ്ഗം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള സംയോജിത ഭവന നിര്‍മ്മാണമാണ് ഇവയെന്നും പറയുന്നു.
ആവാസ് യോജന സമൂഹങ്ങളെ ശാക്തീകരിക്കുന്നതായും ഇത്തരം ബഹുമുഖ പങ്കാളിത്ത പദ്ധതികള്‍ സമൂഹത്തിന്റെ ശാക്തീകരണം, സുസ്ഥിര നഗര വികസനം എന്നിവ മെച്ചപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്റെ ലൈഫ് മിഷന്‍ കൂടാതെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഹരിയാന എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള പദ്ധതികളും മികച്ച പദ്ധതികളായി ഇടം പിടിച്ചിട്ടുണ്ട്.പ്രധാനമന്ത്രി അര്‍ബന്‍ ആവാസ് യോജന മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനായി സ്വയം സഹായ സംഘങ്ങള്‍ സംഘങ്ങളുടെ ശൃംഖല ഉപയോഗപ്പെടുത്തിയതിന് കേരളത്തോടൊപ്പം ഈ അഞ്ച് സംസ്ഥാനങ്ങളും പ്രശംസ നേടി.
ലൈഫ് മിഷന്‍
2016 ല്‍ ആരംഭിച്ച ലൈഫ് മിഷന്‍, ഭവന രഹിതര്‍ക്കുള്ള ഒരു സമഗ്ര ഭവന സംരംഭമായാണ് വിഭാവനം ചെയ്തത്. ഗുണഭോക്താക്കള്‍ക്ക് വിവിധ ക്ഷേമ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉറപ്പാക്കുന്നു. മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗത്തിനായി നൈപുണ്യ വികസനവും പ്രയോജനമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ നിര്‍മ്മാണ പുരോഗതിയെ അടിസ്ഥാനമാക്കി നാല് ഗഡുക്കളായി 4 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. തെരഞ്ഞെടുത്ത പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് അഞ്ച് ഗഡുക്കളായി 6 ലക്ഷം രൂപ നല്‍കുന്നു. പദ്ധതിയിലൂടെ ഇതുവരെ 5 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.



Be the first to comment