ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും തുടരും. രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനില്‍ എത്തി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു. ജെഡിയുവില്‍ നിന്ന് 9 പേരും ബിജെപിയില്‍ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ മന്ത്രിസ്ഥാനങ്ങള്‍ വീതം നല്‍കും.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രിയും എല്‍ ജെപി നേതാവുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു. എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പിച്ച ഭൂരിപക്ഷം നല്‍കി. ജനങ്ങളുടെ വിശ്വാസംകാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് – അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 11.30 പട്‌നയിലെ ഗാന്ധി മൈതാനയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് പട്‌നയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാത്രി എട്ടുമണിയോടെ അമിത്ഷാ പട്‌നയില്‍ എത്തും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാറുമായും മറ്റ് ബിജെപി നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തിയേക്കും.



Be the first to comment