വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍, ആത്മഹത്യാ പ്രേരണക്കേസില്‍ പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നും വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടും കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫ് കുറ്റപത്രം സമര്‍പ്പിച്ചത്.
നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു.
കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം വിശദീകരിച്ചിരുന്നത്. തന്റെ പിതാവ് പാര്‍ട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാന്‍ നോക്കുന്നതായി വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു. 2007 കാലഘട്ടത്തില്‍ എന്‍ എം വിജയന്‍ എടുത്ത ലോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്കല്ല ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. പാര്‍ട്ടിക്കായി വരുത്തിവച്ച കടം തങ്ങളുടെ ബാധ്യതയാകുന്നുവെന്ന് ആരോപിച്ച് പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.



Be the first to comment