ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദ്ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.

ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍. അത്തരം ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍ ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് എംപി കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ആര്‍ത്തവ ആനുകൂല്യ ബില്‍, 2024 ആണ് രണ്ടാമത്തെ സ്വകാര്യ ബില്‍. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.

Be the first to comment

Leave a Reply

Your email address will not be published.


*