ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്മകുമാറിനെതിരെ തല്‍ക്കാലം പാര്‍ട്ടി നടപടിയില്ല. പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ നീതിപുലര്‍ത്തിയില്ല എന്ന് പത്തനംതിട്ടയിലെ പാര്‍ട്ടി യോഗത്തില്‍ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി.
ശബരിമലയില്‍ നഷ്ടപ്പെട്ട ഒരുതരി സ്വര്‍ണം നഷ്ടപ്പെട്ടുകൂട. അത് തിരിച്ചുപിടിക്കണം. ആരാണോ കുറ്റക്കാര്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നുവന്നു ശിക്ഷിക്കണം. ആര്‍ക്കും ഒരു സംരക്ഷണവും സിപിഐഎമ്മോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ നല്‍കുന്ന പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെന്ന് മനസിലായാല്‍ ആവശ്യമായ സംഘടനാനടപടിയും നിലപാടുകളും പാര്‍ട്ടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ നേതൃയോഗം ചേര്‍ന്നത്. യോഗത്തില്‍ എ പത്മകുമാറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല. എന്നാല്‍ പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ നീതിപുലര്‍ത്തിയില്ല എന്ന യോഗത്തില്‍ എം വി ഗോവിന്ദന്‍ തുറന്നടിച്ചു. എ പത്മകുമാറിനും വാസുവിനും എതിരായിരുന്നു പരോക്ഷ വിമര്‍ശനം.
പത്മകുമാറിനെതിരെ നടപടിയെടുക്കാത്ത സിപിഐഎം നിലപാടിനെ ഇന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പത്മകുമാറിനെതിരെ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ച ശേഷമായിരിക്കും സിപിഐഎം സംഘടനാ നടപടിയിലേക്ക് കടക്കുക. പത്മകുമാറിനെ സംരക്ഷിക്കുന്ന സിപിഎം ലൈന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല.



Be the first to comment