രാജ്യ തലസ്ഥാനത്ത് ഒരു രാജ്യാന്തര വിമാനത്താവളം കൂടി, നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30 ന് യാഥാര്‍ഥ്യമാകും

നോയിഡ രാജ്യാന്തര വിമാനത്താവളം ഒക്ടോബര്‍ 30 ന് ഉദ്ഘാടനം ചെയ്യുമെന്നും 45 ദിവസത്തിനുള്ളില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു.

ഡല്‍ഹിയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.

വിമാനത്താവളത്തിൻ്റെ ഉദ്ഘാടനം എത്രയും വേഗം നടക്കുന്നതിനായി ഞങ്ങള്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ്. ഉദ്ഘാടനം ഒക്ടോബര്‍ 30 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കാണാം’ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വിമാനത്താവളത്തില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ വിമാനക്കമ്പനികള്‍ ആവേശത്തിലാണ്, ആ മേഖലയില്‍ വലിയ സാധ്യതകളുണ്ടെന്ന് അവര്‍ കരുതുന്നു. എയര്‍ലൈനുകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് 10 നഗരങ്ങളെയെങ്കിലും ബന്ധിപ്പിക്കുന്ന സര്‍വീസുകളുണ്ടാകുമെന്ന് പറയാന്‍ കഴിയും. യാത്രാ വിമാനങ്ങളേക്കാള്‍ ചരക്ക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപ്രധാന വിമാനത്താവളം എന്ന നിലയില്‍ ഇതിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നും’ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*