
ലണ്ടൻ: നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിങ്ങിൽ കോവന്ററിയിലെ ടിഫിൻ ബോക്സിൽ ചീഫ് ഷെഫായ ജോമോനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും യുകെ പ്രതിനിധികളായി പങ്കെടുക്കും. ആഗോള തലത്തിൽ ബിസിനസ്-മാനേജ്മെന്റ് പ്രഫഷനൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളും മീറ്റിംഗിൽ പങ്കുചേരും.
സെപ്റ്റംബർ 27ന് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും. വാർദ്ധക്യ ഭവനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്ട് യോഗത്തിൽ ഷൈനു അവതരിപ്പിക്കും. ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്ക്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഷെഫ് ജോമോനും പ്രോജക്ടായി അവതരിപ്പിക്കുന്നതാണ്.
Be the first to comment