തിരുവനന്തപുരം നേമത്ത് മത്സരിക്കാൻ ഇല്ലെന്നോ ഉണ്ടെന്നോ സ്വന്തമായി പ്രഖ്യാപിക്കാൻ തനിക്ക് അവകാശമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്ത് എൽഡിഎഫിന് ശക്തനായ സ്ഥാനാർഥി ഉണ്ടാകും. മണ്ഡലം എൽഡിഎഫ് നിലനിർത്തും. നേമത്തെ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഐഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ വി ശിവൻകുട്ടിയല്ലാതെ മറ്റൊരു ഓപ്‌ഷനില്ലെന്നാണ് സിപിഐഎമ്മിലെ വിലയിരുത്തൽ. നേമത്ത് വീണ്ടും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഐഎമ്മിലുള്ളത്.
മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. മണ്ഡലം വീണ്ടും പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്.
അതേസമയം, കേരളത്തിലേത് ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. ഈമാസം 16, 17, 18 തീയതികളിലാണ് യോഗം.



Be the first to comment