സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ച് ജനറൽ സർജറി വിഭാഗം മേധാവി. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. നോട്ടീസ് പതിക്കാൻ ആരും നിർദേശം നൽകിയിരുന്നില്ലെന്നും ജനറൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനോട് വിശദീകരണം തേടുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നായിരുന്നു ജനറൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് നോട്ടീസ് പതിച്ചത്. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താം. സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. പരിശീലനം ലഭിച്ച വേണ്ടത്ര ജീവനക്കാരില്ല. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
നോട്ടീസ് പതിക്കാൻ ആരും നിർദേശം നൽകിയിരുന്നില്ലെന്നും ജനറൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനോട് വിശദീകരണം തേടുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവം വാർത്തയായതോടെ, സെക്യൂരിറ്റി ജീവനക്കാരെത്തി നോട്ടീസ് എടുത്തുമാറ്റുകയായിരുന്നു.



Be the first to comment