രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കുമോ? കോടതിയിൽ ഹാജരാകാൻ നിർദേശം; നോട്ടീസ് അയച്ചു

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ കോടതി നോട്ടീസ് അയച്ചു. ഈ മാസം 19-ന് രാഹുൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള തർക്കം ഫയൽ ചെയ്യണം. ഇതിന്മേൽ വാദം പരിഗണിച്ച ശേഷമായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

അറസ്റ്റ് ചെയ്ത് 16 ദിവസത്തിന് ശേഷം ഡിസംബർ 15-നാണ് ജില്ലാ കോടതി രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ മൂന്നാം ഉപാധിയുടെ ലംഘനമാണിതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.

അതിജീവിതയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.

അന്വേഷണ ഓഫിസർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മറ്റ് കേസുകളിൽ ഉൾപ്പെടാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, അതിജീവിതയെക്കുറിച്ച് സോഷ്യൽ മീഡിയയിലോ മറ്റ് പൊതുയിടങ്ങളിലോ യാതൊരുവിധ പരാമർശങ്ങളും നടത്താൻ പാടില്ല എന്നിവയായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകൾ.

നേമം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേരും വിവരങ്ങളും ചിത്രങ്ങളും ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്നും അശ്ലീലവും ലൈംഗിക ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് രാഹുൽ ഈശ്വറിനെതിരെയുള്ള പ്രധാന ആരോപണം. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കവേ പല തവണ നിരീക്ഷിച്ചിരുന്നു. അതിജീവിതയ്‌ക്കെതിരെ പോസ്റ്റ് ഇട്ടത് നിസ്സാരമായി കാണാൻ കഴിയില്ലെന്ന കാരണങ്ങൾ പരിഗണിച്ചാണ് ജാമ്യഹർജി പല തവണ കോടതി തള്ളിയത്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ 72, 75(1)(iv), 79, 351(1), 351(2) എന്നിവയും ഐടി ആക്ട് 43, 66 വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിവ. ഒടുവില്‍ 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്തെത്തിയ അദ്ദേഹത്തെ മെൻസ് കമ്മിഷൻ പ്രവർത്തകർ മാലയിട്ടാണ് സ്വീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*