അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന്‍എസ്എസ് വിശ്വസിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. തന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഊഹിക്കാന്‍ കഴിയില്ല. അറസ്റ്റും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം. ഇന്നലെയാണ് തന്ത്രി കണ്ഠരര് രാജീവരെ സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് നേരിട്ട് അഭിപ്രായം പറയുന്നതില്‍ നിന്ന് എന്‍എസ്എസ് നേതൃത്വം വിട്ടുനിന്നെങ്കിലും ആ സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന തന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു മോഷണം നടക്കില്ലെന്നാണ് അഭിപ്രായം. എന്നിരുന്നാലും, ഈ ഘട്ടത്തില്‍ നിലപാട് പരസ്യമായി വെളിപ്പെടുത്തേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം.

എസ്‌ഐടിയെയോ സര്‍ക്കാരിനെയോ അംഗീകരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ‘അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഞങ്ങള്‍ക്ക് ഒരു അഭിപ്രായവും രൂപീകരിക്കാന്‍ കഴിയില്ല. കോടതി മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനമാണ് അന്വേഷണം നടത്തുന്നത്. അതിന്റെ ഫലം ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല. അന്വേഷണം അവസാനിക്കട്ടെ. എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ എന്‍എസ്എസ് ഇടപെടും,’ -അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മോഷണം നടന്നതായുള്ള കോടതിയുടെ നിലപാട് തന്നെയാണ് എന്‍എസ്എസിന്റേതും. കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിലാണ് ഇപ്പോള്‍ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതേസമയം, മോഷണവുമായും അനുബന്ധ അറസ്റ്റുകളുമായും ബന്ധപ്പെട്ട രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും എന്‍എസ്എസ് നേതൃത്വം നിലപാട് വ്യക്തമാക്കി.

പമ്പയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് സ്വന്തം സമുദായത്തിൽ നിന്ന് തന്നെ നേരിട്ട വ്യാപകമായ വിമര്‍ശനം കണക്കിലെടുത്ത് ജാഗ്രതയോടെ നീങ്ങാനാണ് എസ്എസ്എസ് തീരുമാനം. അയ്യപ്പ സംഗമത്തിനിടെയാണ് മോഷണ വിവരം പുറത്തുവന്നത്. ഇത് സംഘടനയെ പ്രതിസന്ധിയിലാക്കി. ഇതിനെത്തുടര്‍ന്ന്, അംഗങ്ങളെ അവരുടെ നിലപാട് ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് വലിയതോതിലുള്ള ശ്രമമാണ് വേണ്ടിവന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*