ലണ്ടന്‍: യുകെയില്‍ പൊതു നിരത്തുകളിലും മോട്ടോര്‍വേകളിലും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരും കുറവല്ല. ക്യാമറയില്‍ കുടുങ്ങുന്ന ഗതാഗത നിയമലംഘകര്‍ക്ക് ലഭിച്ച പെനാല്‍റ്റി പോയിന്റുകളുടെ എണ്ണത്തില്‍ 2024 ല്‍ 12 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2023 ല്‍ ബ്രിട്ടീഷുകാര്‍ക്ക് 8.55 മില്യന്‍ പോയിന്റുകള്‍ ലഭിച്ച സ്ഥാനത്ത് 2024 ല്‍ 9.61 മില്യന്‍ പെനാല്‍റ്റി പോയിന്റുകളാണ് ലഭിച്ചത്. അതില്‍ ഏറ്റവുമധികം നിയമലംഘനം നടന്നത് അമിത വേഗതയുടെ കാര്യത്തിലായിരുന്നു. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചതാണ് രണ്ടാം സ്ഥാനത്തുള്ള നിയമലംഘനം.
മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ചുരുങ്ങിയത് 12 പോയിന്റുകള്‍ എങ്കിലും ലൈസന്‍സില്‍ ലഭിക്കുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസക്കാലത്തെ ഡ്രൈവിംഗ് വിലക്ക് നേരിടേണ്ടതായി വരും. അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ സാധാരണയായി 100 പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് ലഭിക്കുക. അതല്ലെങ്കില്‍ ഒരു സ്പീഡ് അവയര്‍നെസ് കോഴ്സില്‍ പങ്കെടുക്കാന്‍ അനുവദിക്കും. പക്ഷെ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇത്തരമോരു കോഴ്സില്‍ പങ്കെടുക്കാത്തവര്‍ക്ക് മാത്രമായിരിക്കും അതിനുള്ള അവസരം നല്‍കുക. 35–44 വയസ്സിനിടയിൽ പ്രായമുള്ളവർക്കാണ് ഏറ്റവും കൂടുതൽ പെനാല്‍റ്റി പോയിന്റുകൾ ലഭിക്കുന്നത്.

സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ സ്പീഡ് അവയര്‍നെസ്സ് കോഴ്സുകളില്‍ പങ്കെടുത്തവരായതിനാല്‍ അവര്‍ക്ക് പെനാല്‍റ്റി ഒഴിവാക്കാനായി വീണ്ടും ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കാനാവില്ല. 2023 ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2.71 മില്യണ്‍ ഡ്രൈവര്‍മാരെയാണ് അമിത വേഗതയില്‍ വാഹനമോടിച്ചതിന് പിടികൂടിയതെന്ന് ഹോം ഓഫീസിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ഇതില്‍ 96 ശതമാനം കേസുകളും പിടികൂടിയത് സ്പീഡ് ക്യാമറകള്‍ ഉപയോഗിച്ചാണ്.



Be the first to comment