കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘ഛത്തീസ്ഗഡ് സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ഉറപ്പ് നൽകി’; അനൂപ് ആന്റണി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു.

കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ‌ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷ നിർഭരമായ നടപടി ഉണ്ടാകുമെന്നും അനൂപ് ആന്റണി പറഞ്ഞു. അനുഭാപൂർവം പരിഗണിക്കാമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ പ്രതികരണമെന്ന് റായ്പൂരിലെത്തിയ അനൂപ് ആന്റണി പ്രതികരിച്ചിരുന്നു.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‍റങ്ദൾ വാദം പൊളിയുകയാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രികൾക്കൊപ്പം എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി പറഞ്ഞു. പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ വിടണമെന്ന് മാതാപിതാക്കളാണ് തന്നോട് പറഞ്ഞതെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് സുഖമാൻ മണ്ഡലും പ്രതികരിച്ചു.

കന്യാസ്ത്രികളുടെ അറസ്റ്റിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. യുഡിഎഫ് എംപിമാരുടെ സംഘം ഛത്തീസ്ഗഢിലെ റായ്പൂരിലെത്തി. സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും എൽഡിഎഫ് എം പിമാരും ഛത്തീസ്ഗഡിലേക്ക് തിരിക്കും. അതേസമയം വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*