തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തിൽ മിനിമം വേതനം അനുവദിക്കേണ്ടതാണെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൻ്റെ മിനിമം വേതന കമ്മിറ്റി നഴ്‌സുമാർക്ക് മാത്രമല്ല സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് എല്ലാവർക്കുമുള്ള മിനിമം വേതനം സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. സർക്കാരിൻ്റെ ഈ തീരുമാനത്തെ മാനേജ്മെൻ്റുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികൾക്ക് അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകേണ്ട ഉത്തരവാദിത്തം ആശുപത്രി മാനേജ്‌മെൻ്റുകൾക്കും ഉണ്ട്. ഇക്കാര്യത്തിൽ എല്ലാ സ്വകാര്യ ആശുപത്രികളും സര്‍ക്കാരിൻ്റെ തീരുമാനം പാലിക്കണെമെന്നും ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ വേതനം കൂട്ടി നൽകാൻ തയാറാണെന്നും സംസ്ഥാന സർക്കാർ ഇത് വൈകിപ്പിക്കുകയാണെന്നുമായിരുന്നു നഴ്‌സുമാരുടെ സംഘടന ആരോപിച്ചിരുന്നത്.
ഇക്കാര്യത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ മിനിമം വേതന കമ്മിറ്റി ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം ചില ആശപത്രി മാനേജ്‌മെൻ്റുകൾ കോടതിയിൽ തീരുമാനത്തെ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട ഉത്തരവാദിത്തം ആശുപത്രി മാനേജ്‌മെൻ്റുകൾക്കാണെന്ന് ശിവൻകുട്ടി വ്യക്തമാക്കിയത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്നത്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച് വേതനം വർധിപ്പിക്കുക, ജോലിഭാരം കുറയ്ക്കുന്നതിന് സ്റ്റാഫ് ലെവലുകൾ മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട രോഗി-പരിചരണ അനുപാതം, യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം സമരം പൂർണമാണെങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ ഉണ്ടാകില്ലെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. കാഷ്വാലിറ്റി, തീവ്രപരിചരണ വിഭാഗം (ഐസിയു), വെൻ്റിലേറ്റർ യൂണിറ്റുകൾ, ഡയാലിസിസ് സെൻ്ററുകൾ, ലേബർ റൂം, അത്യാവശ്യ ജീവൻരക്ഷാ ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് നഴ്‌സുമാരെ ഈ വിഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഒപി വിഭാഗം, വാർഡുകൾ എന്നിവയുടെ പ്രവർത്തനം സ്‌തംഭനാവസ്ഥയിലായിരുന്നു. പുതിയ രോഗികളെ അഡ്‌മിറ്റ് ചെയ്യുന്നതിനും വലിയ നിയന്ത്രണങ്ങളാണുള്ളത്. യൂണിഫോം അണിഞ്ഞ് ഡ്യൂട്ടി ബഹിഷ്‌കരിച്ച നഴ്‌സുമാർ ആശുപത്രികൾക്ക് മുന്നിൽ പ്ലക്കാർഡുകളേന്തി പ്രതിഷേധിക്കുകയായിരുന്നു.



Be the first to comment