മണിശങ്കർ അയ്യർ കോൺഗ്രസ് കൂറില്ലാത്തയാളെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. മണിശങ്കർ അയ്യർ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ. മണിശങ്കർ അയ്യർ കോൺഗ്രസിന്റെ ഭാഗമല്ല. കേന്ദ്രത്തിൽ ബിജെപിയെയും സംസ്ഥാനത്ത് ഇടതുപക്ഷത്തെയും പിന്തുണക്കുന്ന ഡബിൾ ഏജന്റാണ് മണിശങ്കർ അയ്യർ. അദ്ദേഹത്തിന്റെ പ്രതികരണം കേരള വിരുദ്ധ പ്രസ്താവനയെന്നും ജനീഷ് വിമർശിച്ചു.
പിണറായി വിജയന് തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിര്‍ന്ന കോൺഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. മണിശങ്കര്‍ അയ്യരെ തള്ളിപ്പറഞ്ഞ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു.
പെരിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നു. രക്തസാക്ഷി ദിനത്തിലും രണ്ട് പ്രതികൾ പരോളിലാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പരോൾ നൽകിയത്. സിപിഐഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികൾക്ക് പോക്കറ്റ് മണി നൽകാനെന്നും ജനീഷ് ആരോപിച്ചു.
അതേസമയം മണിശങ്കര്‍ അയ്യര്‍ സിപിഐഎമ്മിന്റെ വാടക ഗുണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കാന്‍ സിപിഐഎം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കര്‍ അയ്യറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരള സര്‍ക്കാര്‍ യാത്രാ കൂലിയും താമസ സൗകര്യവും നല്‍കിയാണ് മണിശങ്കര്‍ അയ്യരെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍ അയ്യര്‍ നാടോടിക്കാറ്റ് എന്ന സിനിമയിലെ പവനായിയാണ്. അമ്പതു വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ രാഷ്ട്രീയ പാരമ്പര്യമുള്ള വേണുഗോപാലിനെ വിമര്‍ശിക്കാന്‍ ആകാശത്തുനിന്നും നൂലില്‍ കെട്ടിയിറക്കിയ കാറ്റുപോയ ബലൂണായ മണിശങ്കര്‍ അയ്യര്‍ക്ക് ഒരു അര്‍ഹതയുമില്ല. താനൊരു കരിയറിസ്റ്റ് ആയതു കൊണ്ടാണ് ശശി തരൂരിനെയും ഒരു കരിയറിസ്റ്റ് ആയി അയ്യര്‍ ചിത്രീകരിച്ചത്.
ആത്മകഥയില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ക്രൂരമായി അധിക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. സിപിഐഎമ്മില്‍ നിന്നുള്ള വ്യാപക കൊഴിഞ്ഞു പോക്കിന് തടയിടാനാണ് മണിശങ്കര്‍ അയ്യരെ പോലെയുള്ള കത്തി തീര്‍ന്ന കതിനവെടികളെ സിപിഐഎം കേരളത്തില്‍ ഇറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Be the first to comment