‘വിഷം വമിപ്പിക്കുന്ന പ്രസ്താവന’; എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഒ.ജെ.ജനീഷ്

എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഒ ജ ജനീഷ്. എ.കെ.ബാലന്റെ നാവിൽ നിന്നും വന്ന പ്രസ്താവന പിണറായിയുടെ മനസ്സിലെ വിഷമാണ്.എപ്പോൾ പ്രതിസന്ധിയിലായാലും പിണറായിക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് ബാലനാണ്.സംസ്ഥാനത്തെ ഭിന്നിപ്പിക്കുന്ന വിഷം വമിപ്പിക്കുന്ന പ്രസ്താവനയാണ് എ.കെ.ബാലൻ നടത്തിയത്. സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വർഗീയതയാണ് ബാലന്റെ വാക്കുകളെന്നും അദ്ദേഹം വിമർശിച്ചു.

അതിനിടെ ബിജെപിയുടെ അതേ ഭാഷയിലാണ് സിപിഐഎം പറയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ്. പ്രസ്താവന മുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

അതിനിടെ വർഗീയ പരാമർശത്തിൽ AK ബാലന് എതിരെ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ഒരാഴ്ചക്കകം പ്രസ്തവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ , സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ജമാത്തത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.

 

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലൻ പറഞ്ഞത്. ‘ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്‌ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്’, എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.

Be the first to comment

Leave a Reply

Your email address will not be published.


*