ഇന്ത്യയിലെ മികച്ച കാര്‍ഷിക ടൂറിസം ഗ്രാമം ; ഉത്തരവാദിത്വ ടൂറിസത്തിന്റെ ചിറകിലേറി കുമരകം

ലോക ടൂറിസംദിനത്തില്‍ കുമരകത്തെ രാജ്യത്തെ കാര്‍ഷിക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് അവാര്‍ഡ്.

 കാര്‍ഷികപ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ് എക്‌സ്പീരിയന്‍സ്, ഫിഷിങ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി ടൂര്‍ പാക്കേജുകള്‍ കുമരകത്ത് നടത്തുന്നുണ്ട് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം റിസോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്.

 പാടശേഖരത്തിലൂടെ നടത്തംമുതല്‍ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ടൂര്‍ പാക്കേജിന്റെ ഭാഗമാകുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കാര്‍ഷിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ആദ്യ പുരസ്‌കാരംതന്നെ കുമരകത്തിന് നേടാനായി എന്നത് ആഹ്ലാദകരമാണെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റി സി.ഇ.ഒ.യും സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറുമായ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ഫാം ടൂറിസം, സംയോജിത കൃഷി തുടങ്ങിയവ ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ് പ്രഖ്യാപനം.

 കേരള സര്‍ക്കാരിന്റെ പ്രദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, കേന്ദ്രസര്‍ക്കാരിന്റെ കൃഷി വിജ്ഞാനകേന്ദ്രം എന്നിവ കുമരകം ഗ്രാമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഗവേഷണകേന്ദ്രങ്ങള്‍ നിലകൊള്ളുന്ന കുമരകത്തിന് കാര്‍ഷിക ടൂറിസത്തില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന് ടൂറിസം സംരംഭകര്‍ പറയുന്നു. 2700 ഹെക്ടറോളം ഭൂമിയിലാണ് കുമരകത്ത് വിവിധ കൃഷി നടക്കുന്നത്.

 കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കൃഷി ഓഫീസര്‍ ആന്‍ സ്‌നേഹ ബേബി പറഞ്ഞു. തുച്ഛമായ വരുമാനം ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കൂടുതല്‍ താത്പര്യം ഉണ്ടാകും. കൃഷിയിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം-അവര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*