കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. പകരം ഒക്ടോബർ 4 നു നറുക്കെടുപ്പ് നടത്തും.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ് – 14,07,100 എണ്ണം. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.

ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.

ലോട്ടറി വകുപ്പിന്റെ പ്രസ്‌താവന ഇങ്ങനെ

27-09-25 ശനിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4 – ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*