ഓണ്‍ലൈന്‍ മദ്യ വില്‍പന: നടപടികളുമായി ബെവ്‌കോ മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും എന്നും ബെവ്‌കോ എംഡി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആധുനികവത്കരണത്തിലൂടെ ബെവ്‌കോ പ്രാധാന്യം നല്‍കുന്നത് വില്‍പന ഉയര്‍ത്തലും, ഉപഭോക്താക്കളുടെ സൗകര്യവുമാണ്. ഓണ്‍ലൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കുമ്പോള്‍ സര്‍ക്കാരിന് വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓണ്‍ലൈന്‍ വില്‍പനയ്ക്കായി പ്രത്യേക ആപ്പ് ബെവ്കോ തയ്യാറാക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ പത്ത് ദിവസത്തിനകം തയ്യാറാകും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറിയുമായി മുന്നോട്ട് പോകും. അല്ലാത്തപക്ഷം ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പില്‍ പോയി ക്യൂ ഒഴിവാക്കി മദ്യം വാങ്ങാന്‍ സാധിക്കുമെന്നും ബെവ്‌കോ എംഡി പറഞ്ഞു.

സംസ്ഥാനത്തെ ബെവ്‌കോ ഔട്ടലറ്റുകളെ തിരക്ക് കുറയ്ക്കുക എന്നതാണ് ഓണ്‍ലൈന്‍ ഡെലിവറി എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് സാധ്യമായാല്‍ ബെവ്‌കോയ്ക്ക് 500 കോടിയിലേറെ അധിക വരുമാനം ലഭിക്കും. സംസ്ഥാനത്ത് 2083 മദ്യ വില്‍പന ശാലകളാണുള്ളത്. ഇതാണ് ഔട്ട്‌ലറ്റുകളുടെ തിരക്കിന്റെ പ്രധാന കാരണം എന്നും ബെവ്‌കോ എംഡി ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണമാതൃകയില്‍ ആണ് മദ്യ വില്‍പനയും പരിഗണിക്കുന്നത്. ഇതിന് താത്പര്യം പ്രകടിപ്പിച്ച് സൊമാറ്റോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സമീപിച്ചിട്ടുണ്ട്. വാതില്‍പ്പടിയില്‍ ലഭ്യമാക്കുമ്പോഴും വാങ്ങുന്ന ആളുടെ പ്രായം ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും മദ്യം കൈമാറുകയെന്നും ബെവ്‌കോ എംഡി വ്യക്തമാക്കി. വീടുകള്‍ ബാറായി മാറും എന്ന വിമര്‍ശനം തള്ളിയ എംഡി ഇപ്പോഴും ബെവ്‌കോയില്‍ നിന്ന് വാങ്ങുന്ന മദ്യം വീട്ടിലെത്തിച്ചാണ് കുടിക്കുന്നത് എന്നും ഓര്‍മ്മിപ്പിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*