‘2024നേക്കാൾ മുതൽമുടക്കും നഷ്ടവും 2025ൽ കൂടി, 185 സിനിമകളിൽ 35 സിനിമകൾക്ക് മാത്രം മുടക്കുമുതൽ തിരിച്ചു കിട്ടി’; ഫിലിം ചേമ്പർ

സിനിമകളുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ ഏകദേശ കണക്കാണ് പുറത്തുവിട്ടതെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. 185 ചിത്രങ്ങൾ കഴിഞ്ഞ വർഷം പുറത്തിറങ്ങി. 35 സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ തിരിച്ചു കിട്ടിയത്.

860 കോടി രൂപ മുതൽ മുടക്കിയപ്പോൾ 530 കോടി രൂപയോളം നഷ്ടമുണ്ടായി. തിയേറ്ററുകൾക്ക് ഉണ്ടായ നഷ്ടം കണക്കു കൂട്ടിയിട്ടില്ല. 2024നേക്കാൾ മുതൽമുടക്കും നഷ്ടവും 2025ൽ കൂടി. OTT വഴി വരുമാനം ഉണ്ടാകുന്നത് ചില ചിത്രങ്ങൾക്ക് മാത്രമാണ്.

വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഇപ്പോഴും പരിഗണിച്ചില്ല. അനുരാജ് മനോഹറിന് ആക്ഷേപം ഉന്നയിക്കാൻ അവകാശമുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിട്ടില്ല. സിനിമാ സമരം ഇന്നത്തെ ചേമ്പർ യോഗത്തിൽ ചർച്ചയാകുമെന്നും അനിൽ തോമസ് വ്യക്തമാക്കി.

2025 മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ വര്‍ഷമായിരുന്നു എന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം 530 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്ക്കുണ്ടായത്. 860 കോടി രൂപയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ക്കുള്ള ആകെ മുതല്‍മുടക്ക്. പുറത്തിറങ്ങിയ 185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും പരാജയപ്പെട്ടു എന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്ക്.

ഈ വര്‍ഷം ഇറങ്ങിയതില്‍ 35 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ഒന്‍പത് ചിത്രങ്ങളെ മാത്രമേ സൂപ്പര്‍ ഹിറ്റെന്ന് പറയാന്‍ സാധിക്കൂ. തീയേറ്ററില്‍ റിലീസ് ചെയ്ത് സാമ്പത്തിക വിജയം നേടാതെ ഒടിടി വഴി സാമ്പത്തിക വിജയം നേടിയ പത്ത് ചിത്രങ്ങളുണ്ടെന്നും ഫിലിം ചേംബര്‍ പറയുന്നു. ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഉള്‍പ്പെടെ കയറിയ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും രാജ്യമെമ്പാടും ചര്‍ച്ചയായ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായെങ്കിലും മലയാള സിനിമാ വ്യവസായത്തിന് 2025 ഒരു മികച്ച വര്‍ഷമാണെന്ന് പറയാനാകില്ല.

മുന്‍പ് തന്നെ നിര്‍മാതാക്കളുടെ സംഘടന ഈ വര്‍ഷം മലയാള സിനിമയ്ക്ക് 300 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നഷ്ടക്കണക്കുകള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ഒരു ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കൂടിയാണ് ഈ വര്‍ഷത്തെ സാമ്പത്തിക നഷ്ടത്തിന്റെ യഥാര്‍ഥ വ്യാപ്തി വ്യക്തമായി അടയാളപ്പെടുത്തുന്ന കണക്ക് ഇപ്പോള്‍ ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്താവനയില്‍ ഫിലിം ചേംബര്‍ വിജയ ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*