നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മത്സരരംഗത്തേക്ക് എത്തിയാൽ യുഡിഎഫിന് കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
മറിയ ഉമ്മനുമായി ചില നേതാക്കൾ ബന്ധപ്പെട്ടതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വന്നേക്കും. നിർണായകമായ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്. അച്ചു ഉമ്മന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതുപ്പള്ളിയിൽ മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിച്ചിരിക്കും. അതിൽ സംശയമൊന്നുമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.



Be the first to comment