
ന്യൂഡല്‍ഹി:പഹല്‍ഗാം ആക്രമണത്തില്‍ തിരിച്ചടിച്ചതിന് സുരക്ഷാ സേനയെ പ്രശംസിച്ച് കോണ്‍ഗ്രസ്. പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നു വരുന്ന എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അവരുടെ ദൃഢനിശ്ചയത്തെയും പോരാട്ട വീര്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചു നില്‍ക്കുന്നു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയക്കൊപ്പം നിലകൊള്ളുന്നു. മുന്‍ കാലങ്ങളില്‍ നമ്മുടെ നേതാക്കള്‍ ശരിയായ പാത കാണിച്ചു തന്നിട്ടുണ്ട്. ദേശീയ താല്‍പ്പര്യമാണ് ഞങ്ങള്‍ക്ക് പരമപ്രധാനമെന്നും ഖാര്‍ഗെ പറഞ്ഞു.
അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
സായുധ സേനയില്‍ അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ സൈന്യത്തെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. ധീരരായ സൈനികര്‍ നമ്മുടെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കട്ടെ. ക്ഷമയോടെയും ധൈര്യത്തോടെയും വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് അപാരമായ ധൈര്യം നല്‍കട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇത് ഐക്യത്തിനുള്ള സമയമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് സുരക്ഷാ സേനയ്ക്ക് ഒപ്പമാണ്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ്. അത് ദേശീയ താല്‍പ്പര്യത്തില്‍ ഊന്നിയുള്ളതാകണം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ പ്രതികരണത്തില്‍ സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment