
ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ ഇടപെടല്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സാണ് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താന് ഡിജിഎംഒയുടെ അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ വിശദമായ ചര്‍ച്ച നടന്നെന്നും ഇതിന് ശേഷമാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിക്രം മിസ്രി പറഞ്ഞു. ഇതിന് അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ ആവശ്യം വന്നില്ലെന്നും ഇരുരാജ്യങ്ങളുടേയും ഡിജിഎംഒമാര്‍ പരസ്പരം കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നുവെന്നും മെയ് 10നാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ വെടിനിര്‍ത്തലിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാല്‍ അമേരിക്കയുടെ ഇടപെടല്‍ കൊണ്ടല്ല വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷന്‍ സിന്ധൂര്‍, ഇന്ത്യ-പാക് സംഘര്‍ഷം, പഹല്‍ഗാം ആക്രമണം മുതലായവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം വിക്രം മിസ്രിയും വിദേശകാര്യ മന്ത്രാല വക്താവ് രണ്‍ദീര്‍ ജയ്‌സ്വാളും വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വകക്ഷി സംഘത്തിന് മുന്നില്‍ വിശദീകരിച്ചു. വിദേശപര്യടനത്തിനുള്ള ആദ്യ സംഘത്തെ ശശി തരൂരാണ് നയിക്കുക.
Be the first to comment