കൊച്ചി കലൂർ മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. രാത്രി 11 മണിയോടെ മെട്രോ സർവീസ് പൂർണമായും നിർത്തിവെച്ച ശേഷം ഓപ്പറേഷൻ സുഭാഷ് വീണ്ടും ആരംഭിക്കും. മെട്രോ ഇലക്ട്രിക് ലൈനുകൾ നിർത്തിവെച്ചെങ്കിൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂ എന്ന് ഫയർഫോഴ്സ് അറിയിച്ചു. കഴിഞ്ഞ കുറെയേറെ മണിക്കൂറുകളായി പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഫയർ സംഘം.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താണ് ജവഹർലാൽ നെഹ്‌റു മെട്രോ സ്റ്റേഷൻ ഉള്ളത്, അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ രക്ഷാദൗത്യം നഗരത്തിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടാകും. ഈ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
നിലവിൽ പൂച്ച ആരോഗ്യവാനാണ്. ആവശ്യമായ ഭക്ഷണവും കൂടും പൂച്ചയ്ക്കായി ഫയർഫോഴ്‌സ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് മെട്രോ പില്ലറിൽ പൂച്ച കുടുങ്ങുന്നത്. ഇതിന് മുൻപ് കടവന്ത്രയിലും, എളംകുളത്തും പിന്നീട് ആലുവ മെട്രോ സ്റ്റേഷനിലെ പില്ലറിലും പൂച്ച കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. ഏകദേശം ഒരാഴ്ചയോളമായി പൂച്ച പില്ലറിൽ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട്. രണ്ട് ദിവസം മുൻപ് പൂച്ചയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതിന് ശേഷമാണ് മെട്രോ അധികൃതർ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.



Be the first to comment