ഇടതുസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് അഭിപ്രായ സര്‍വെ, സിറ്റിങ് എംഎല്‍എമാരെ തള്ളി 62% പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് 48 ശതമാനം പേരാണ് സര്‍വെയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. എല്‍ഡിഎഫിനെതിരെ അതിശക്ത വികാരമുണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇടതു സര്‍ക്കാരിനെ അനുകൂലിച്ച് 35 ശതമാനം പേരും രംഗത്തെത്തി. വളരെ ശക്തമായ സര്‍ക്കാര്‍ അനുകൂല വികാരമുണ്ടെന്ന് 8.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സര്‍വെയില്‍ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. 43 ശതമാനം പേര്‍. പുരുഷന്മാര്‍ 39 ശതമാനവും ഭരണ വിരുദ്ധ വികാരമുണ്ടെന്ന അഭിപ്രായക്കാരാണ്. സര്‍വെയില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ടവരില്‍ 45 ശതമാനവും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ അഭിപ്രായം പ്രകടിപ്പിച്ച 37 ശതമാനം പേര്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്

നിലവിലെ എംഎല്‍എ തന്നെ വീണ്ടും മത്സരിച്ചാല്‍ അനുകൂലിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, 62.6 ശതമാനം പേരും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. 23.3 ശതമാനം പേര്‍ മാത്രമാണ് നിലവിലെ എംഎല്‍എയെ മത്സരിപ്പിക്കുന്നതിനെ പിന്തുണച്ചത്. അതേ പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് 28.3 ശതമാനം പേരും, വേറെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാലും വോട്ടു ചെയ്യില്ലെന്ന് 34.3 ശതമാനം പേരും വ്യക്തമാക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*