
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം. അബദ്ധ പഞ്ചാംഗം പോലുളള വോട്ടര്‍ പട്ടികയുമായി എങ്ങനെ നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. പട്ടികയിലെ തെറ്റ് തിരുത്താനുളള സമയം 30 ദിവസമായി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ കരട് വോട്ടര്‍ പട്ടികയെകുറിച്ച് വലിയ ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. ഒരേ വീട്ടിലെ താമസക്കാര്‍ മൂന്ന് വാര്‍ഡുകളിലെ വോട്ടര്‍മാരായി മാറി, ഒരു തിരിച്ചറിയല്‍ കാര്‍ഡ് നമ്പരില്‍ ഒന്നിലധികം വോട്ടര്‍മാര്‍ ഇങ്ങനെ കരട് വോട്ടര്‍ പട്ടികയില്‍ തെറ്റുകളുടെ ഘോഷയാത്രയാണ്. വാര്‍ഡ് സ്‌കെച്ച് പ്രസിദ്ധപ്പെടുത്താത്തത് കൊണ്ട് അതിര്‍ത്തിയേതെന്ന് നിശ്ചയവുമില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലൈ 23ന് പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മനപൂര്‍വമായി വരുത്തിയ ക്രമക്കേടുകളാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഐഎം നേതൃത്വത്തിന്റെ ഇച്ഛാശക്തിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന പറയുന്നതില്‍ ദുഃഖമുണ്ട്. അത് ചെയ്യാന്‍ പാടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വമായല്ല ഈ തിരഞ്ഞെടുപ്പ് നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.
വാര്‍ഡ് പുനര്‍നിര്‍ണയത്തിലും സിപിഐഎമ്മിന്റെ താല്‍പര്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആക്ഷേപം. രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചെന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
Be the first to comment