കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത വ്യാപകമായി തകര്‍ന്ന് വീഴുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു.
അഴിമതിയുടെ നിര്‍മ്മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് പറഞ്ഞ് ഇല്ലാത്ത വിജിലന്‍സ് കേസുണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നത്. പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ ആരോപണം ഉന്നയിച്ചവര്‍ ഭരിക്കുമ്പോഴാണ് കേരളം മുഴുവന്‍ ദേശീയപാതയും പാലങ്ങളും തകര്‍ന്ന് വീഴുന്നത്. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മ്മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല. റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നതാണോ നിലപാട് എന്നും പ്രതിപക്ഷ നേതാവ് ചോഗിച്ചു. അപകടങ്ങളില്‍ മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന്‍ ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
പല വിഷയങ്ങളിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നിരിക്കുയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ബി.ജെ.പിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള്‍ പുതുതായി ഉണ്ടായ ജോണ്‍ ബ്രിട്ടാസ് പാലത്തിനും മുന്‍പെ പിണറായി വിജയന്‍ ഉണ്ടാക്കി വച്ച പാലമാണ് നിതിന്‍ ഗഡ്ക്കരിയെന്ന മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



Be the first to comment