കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 സ്ഥാനാര്‍ത്ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റു വിഭജനം യുഡിഎഫ് പൂര്‍ത്തിയാക്കിയത്. കേരള കോണ്‍ഗ്രസ് അടക്കം വിട്ടു വീഴ്ചകള്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ടീം യുഡിഎഫ് ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മൂന്നു ദിവസം എടുത്തു എന്നാണ് ഇപ്പോള്‍ വാര്‍ത്ത. പണ്ട് എത്ര ദിവസമാണ് എടുത്തിരുന്നത്?. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിനുള്ളിലെ പ്രൊസീജിയറെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും നേതാക്കളുടെ സമിതി കേന്ദ്ര നേതൃത്വത്തിന് ശുപാര്‍ശ ചെയ്യുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍, അത്തരത്തിലൊരു തീരുമാനവും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ്. എംപിമാര്‍ മത്സരിക്കമോ വേണ്ടയോ എന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഒരു പങ്കുമില്ല, കേന്ദ്രനേതൃത്വമാണ് അതില്‍ തീരുമാനമെടുക്കേണ്ടത്. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധിക്ഷേപിച്ച് തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട.

അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍, ഈ വാര്‍ത്ത കൊണ്ടൊന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകില്ല. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും വികാരമാണത്. ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനങ്ങളുടെ വികാരമാണ്, അഭിലാഷമാണ്. അതിനാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനാവില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ എന്നത് ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. സത്യത്തില്‍ മാധ്യമങ്ങള്‍ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ആ പാവത്തിനെ മാധ്യമങ്ങള്‍ എന്തിനാണ് അധിക്ഷേപിച്ചത്. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മില്‍ കൊച്ചിയിലെ സീറ്റിനെപ്പറ്റി വഴക്കിട്ടുവെന്ന വാര്‍ത്ത കെ സി തന്നെയാണ് തന്നോടു പറഞ്ഞതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*