കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍. ഞങ്ങളാരും അവരുമായി ചര്‍ച്ച നടത്തിയെന്നോ, യുഡിഎഫ് മുന്നണിയിലേക്ക് വരാന്‍ പോകുന്നുവെന്നോ പറഞ്ഞിട്ടില്ല. അവര്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ കെ എം മാണി സാറിന് സ്മാരകം പണിയാന്‍ ഇടതു സര്‍ക്കാര്‍ സ്ഥലം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നല്ല തീരുമാനമാണത്. കെ എം മാണി പരിണിതിപ്രജ്ഞനായ രാഷ്ട്രീയ നേതാവാണ്. വരാനിരിക്കുന്ന തലമുറ കെ എം മാണി ആരായിരുന്നു എന്ന് തിരിച്ചറിയണം. അദ്ദേഹത്തിന് സ്മാരകം വേണം, അവിടെ നല്ല പഠനങ്ങള്‍ നടക്കണം. യഥാര്‍ത്ഥത്തില്‍ കെ എം മാണിക്ക് സ്മാരകം പണിയാന്‍ സ്ഥലം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ കൂടി നിമിത്തമായതില്‍ വളരെ സന്തോഷമുണ്ട്. കാരണം പത്തു വര്‍ഷമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ കൊടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു
എല്‍ഡിഎഫ് തന്നെ അതു ചെയ്യണം. കെ എം മാണിയെ എങ്ങനെയെല്ലാം അപമാനിച്ച ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. നരകത്തീയില്‍ വെന്തുമരിക്കണമെന്ന് കെ എം മാണി ജീവിച്ചിരിക്കുമ്പോള്‍ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കന്മാര്‍. അത്തരത്തില്‍ വെന്തുമരിക്കണമെന്ന ശാപവാക്കുകള്‍ ചൊരിഞ്ഞ കെ എം മാണിക്ക് സ്മാരകം പണിയാന്‍ അതേ ആളുകള്‍ സ്ഥലം അനുവദിച്ചതില്‍ വളരെ സന്താഷം പങ്കുവെക്കുന്നു. അതില്‍ ഞങ്ങള്‍ കൂടി നിമിത്തമായതില്‍ അഭിമാനമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ അപമാനിക്കുന്ന നടപടിയെ ഒരു തരത്തിലും അനുവദിക്കാനാവില്ല. അങ്ങനെയുള്ളവര്‍ക്ക് പാര്‍ട്ടി താക്കീത് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്‌ക്കെതിരെ കുറിപ്പിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നടപടി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴിയിരുന്നു സതീശന്റെ പ്രതികരണം. ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സിപിഎമ്മിന് എന്താണ് സങ്കടം. എത്ര സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഒരു സങ്കടവും കണ്ടില്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.



Be the first to comment