കൊച്ചി : അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തായാലും അതിവേഗ റെയില്‍ വരട്ടെ. സില്‍വര്‍ ലൈനിനെ യുഡിഎഫ് എതിര്‍ത്തത് പാരിസ്ഥിതികവും സാമ്പത്തികവുമായ വിഷയത്തിന്റെ പേരിലാണ്. അതിന് പ്രോപ്പറായ ഡിപിആര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കെ റെയിലിനെ എതിര്‍ത്തു എന്നതിന് അര്‍ത്ഥം കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വേണ്ട എന്നല്ലെന്നും വിഡി സതീശന്‍ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതിവേഗ റെയിലിന്റെ പ്രൊപ്പോസല്‍ വരട്ടെ. ഡിപിആര്‍ തയ്യാറാക്കട്ടെ. കാലാവസ്ഥ വ്യതിയാനം വളരെ പ്രധാനപ്പെട്ട ഘടകമായതിനാല്‍, കേരളത്തില്‍ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ പാരിസ്ഥിതിക ആഘാത പഠനം വേണം. സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണ്. 30 അടി ഉയരത്തില്‍ എംബാഗ്മെന്റ് പണിതുവെച്ചാല്‍ കേരളം എവിടെപ്പോകും?. വിഡി സതീശന്‍ ചോദിച്ചു.
യുഡിഎഫ് സബ് കമ്മിറ്റി, വളരെ വിശദമായി വിദഗ്ധരുമായി പഠനം നടത്തിയശേഷമാണ്, കെ റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല എന്നു പറഞ്ഞത്. അതിപ്പോള്‍ ശരിയായില്ലേ. സര്‍ക്കാര്‍ തന്നെ അതുപേക്ഷിച്ചിരിക്കുകയാണ്. യുഡിഎഫ് സമരം ചെയ്തത് അതിവേഗ റെയില്‍ വേണ്ട എന്നുള്ളതുകൊണ്ടല്ല. ഏതു നല്ല നിര്‍ദേശത്തെയും യുഡിഎഫ് സ്വാഗതം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നിരവധി വളവുകളുണ്ട്. ആ വളവുകള്‍ നിവര്‍ത്തിയാല്‍ നിലവിലുള്ള പാതയുടെ കൂടെത്തന്നെ ഡബിള്‍ റെയില്‍ ലൈന്‍ പണിയണം. അങ്ങനെ വേഗത്തില്‍ സഞ്ചരിക്കാനാകും. നമുക്ക് സ്പീഡ് റെയില്‍ വേണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും വേണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.



Be the first to comment