ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; 118 എംപിമാർ ഒപ്പുവെച്ചു

ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് അവിശ്വാസപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. 118 പ്രതിപക്ഷ അംഗങ്ങൾ ഒപ്പുവച്ച നോട്ടീസ് ലോക്സഭ സെക്രട്ടറി ജനറലിന് കൈമാറി. ചരിത്രത്തിൽ നാലാം തവണയാണ് ലോക്സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്.

എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ബജറ്റിന്മേലുള്ള പൊതു ചർച്ചയിൽ പ്രതിപക്ഷ നിരയിൽ നിന്നും ആദ്യം സംസാരിച്ച ശശി തരൂർ എംപി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഒന്നും നടപ്പാക്കുന്നില്ല. കേന്ദ്രം കേരളത്തെ കണ്ടില്ലെന്ന് നടിക്കുന്നു 22 എയിംസുകൾ അനുവദിച്ചിട്ടും കേരളത്തിന് ഒന്നു പോലുമില്ലാത്തത് വ്യവസ്ഥാപിതമായ അവഗണന എന്നും തരൂർ വിമർശിച്ചു.

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യം ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. തൃണമൂൽ കോൺഗ്രസ് അംഗങ്ങളും സ്പീക്കർക്കെതിരായ നീക്കത്തിൽ നിന്നും വിട്ടുനിന്നു. സ്പീക്കർക്ക് പകരം കേന്ദ്രസർക്കാരിനെയാണ് ലക്ഷ്യംവെക്കേണ്ടത് എന്നാണ് തൃണമൂലിന്‍റെ നിലപാട്.

കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് സമർപ്പിച്ചത്. നോട്ടിസ് പരിശോധിച്ച തുടർനടപടികൾ സ്വീകരിക്കാൻ സ്പീക്കർ സെക്രട്ടറി ജനറലിന് നിർദേശം നൽകി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. പ്രമേയം പാസാകാൻ 272 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*